ആവശ്യത്തിനു ജീവനക്കാരില്ലാതെ മാനസികാരോഗ്യകേന്ദ്രം

കോഴിക്കോട്: ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം. സുരക്ഷാജീവനക്കാർ അടക്കമുള്ളവരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. 1961-ലെ സ്റ്റാഫ്പാറ്റേൺ അനുസരിച്ചാണ് ഇവിടെ നിയമനങ്ങൾ നടക്കുന്നത്. ഇതുപ്രകാരം 314 ജീവനക്കാർ വേണം.

 

27-ഓളം നേഴ്സുമാരുടെയും 15 സുരക്ഷാ ജീവനക്കാരുടെയും ഒഴിവുകൾ ഇവിടെയുണ്ട്. അധികവും താത്‌കാലിക ജീവനക്കാരാണുള്ളത്. 15 സ്ഥിരം സുരക്ഷാജീവനക്കാരുടെ സ്ഥാനത്ത് നാല് താത്‌കാലികക്കാർ മാത്രമാണ് ഉള്ളത്. കഴിഞ്ഞ ദിവസം വിഭ്രാന്തിപ്പെട്ട് ഇറങ്ങി ഓടിയ രോഗിയെ മീഞ്ചന്ത അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് രക്ഷിച്ചത്. അക്രമാസക്തമാകുന്ന രോഗികളെ നിയന്ത്രിക്കാൻ ജീവനക്കാരില്ലാത്തത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
മാനസികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിനായി 100 കോടിയുടെ പദ്ധതി മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും നടപടിയായില്ല. പഴയ കെട്ടിടത്തിലാണ് ഇപ്പോഴും ആശുപത്രി പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ പല ഭാഗത്തും ഇടയ്‌ക്കിടെ അറ്റകുറ്റപ്പണികളും മറ്റുംചെയ്താണ് മുന്നോട്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

 

474 രോഗികളെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ഈ ആശുപത്രിയിൽ നിലവിൽ 486 രോഗികൾ ഉണ്ട്. ചിലമാസങ്ങളിൽ 500-ൽ അധികം രോഗികളെ ഇവിടെ പ്രവേശിപ്പിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഏറെ ബുദ്ധിമുട്ടാറുണ്ടെന്നും ജീവനക്കാർ പറയുന്നു.

 

ആശുപത്രി വികസനത്തിനായി 2017-ൽ 100 കോടി രൂപയുടെ സമഗ്ര മാസ്റ്റർപ്ലാൻ ആവിഷ്കരിച്ചിരുന്നു. മുകേഷ് അസോസിയേറ്റ്‌സാണ് കരാർ ഏറ്റെടുത്തത്. പഠന-ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിലേക്ക് കൂടി ആശുപത്രിയെ ഉയർത്താനായിരുന്നു പദ്ധതി. നവീകരണം പൂർത്തിയായാൽ 1000 കിടക്കകൾ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും. 2019 ജനുവരിയിൽ പദ്ധതിക്ക് അന്തിമ രൂപമായെങ്കിലും ഇതുവരെ തുടർ നടപടികളായിട്ടില്ല.
70,80,000 രൂപയ്ക്കാണ് മുകേഷ് അസോസിയേറ്റ്സ് കരാർ നൽകിയത്. ഫണ്ടിനായി സർക്കാരിൽ പ്ലാൻ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഒഴിവുകളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ഡോ. കെ.സി. രമേശൻ

 

സൂപ്രണ്ട്

 

ഒഴിവുകൾ

 

സ്റ്റാഫ് നേഴ്സുകൾ 16

 

നേഴ്സിങ് അസിസ്റ്റന്റ് 11

 

ഗ്രേഡ് I 2

 

ഗ്രേഡ്II 3

 

സെക്യൂരിറ്റി 15

 

ആശുപത്രിയിൽ നിലവിൽ കഴിയുന്നവരുടെ എണ്ണം

 

ആകെ കിടക്കകൾ 474

 

ആകെ രോഗികൾ 486

 

പുരുഷൻമാർ 328

 

സ്ത്രീകൾ 158

 

ഇതര സംസ്ഥാനക്കാർ 88

 

തിരിച്ചറിയാത്തവർ 71

 

Comments

COMMENTS

error: Content is protected !!