മോട്ടോർ വാഹന നിയമ ഭേദഗതി ; പിഴത്തുക കുറച്ച്‌ വിജ്ഞാപനം ഉടൻ

കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം ഗതാഗത നിയമ ലംഘനങ്ങൾക്ക്‌ ഏർപ്പെടുത്തിയ ഉയർന്ന പിഴ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഗതാഗതവകുപ്പ്‌ പുനർവിജ്ഞാപനമിറക്കും. തെരഞ്ഞെടുപ്പ്‌  പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ അനുമതിയോടെയാകും പുനർവിജ്ഞാപനമിറക്കുക. പിഴത്തുക പുനർനിശ്ചയിച്ച്‌ നിയമവകുപ്പിന്റെ അംഗീകാരം വാങ്ങിയശേഷം ഗതാഗതവകുപ്പ്‌ തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിക്കും.

 

നിയമലംഘനങ്ങൾക്ക്‌ ഭീമമായ പിഴത്തുക നിശ്ചയിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പിഴത്തുക കുറയ്‌ക്കാൻ കേരളം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ഏഴ്‌ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുറയ്‌ക്കാനാണ്‌ നിലവിൽ തീരുമാനം. എത്ര രൂപയാണ്‌ കുറയ്‌ക്കേണ്ടതെന്ന്‌ ഗതാഗതവകുപ്പ്‌ തീരുമാനിച്ച്‌ നിയമവകുപ്പിന്റെ അംഗീകാരം വാങ്ങും. അധികൃതർ ആവശ്യപ്പെടുമ്പോൾ കൃത്യമായ രേഖ നൽകാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, ലൈസൻസില്ലാത്ത കണ്ടക്ടർ ജോലി, ട്രാഫിക്‌ അധികൃതരുടെ നിർദേശം അവഗണിക്കുക, മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടായിരിക്കെ അപകടകരമായി വാഹനമോടിക്കുക, വായു–-ശബ്ദമലിനീകരണമുണ്ടാക്കുക, പുകപരിശോധനാ സർട്ടിഫിക്കറ്റ്‌ ഇല്ലാതിരിക്കുക, ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കാതിരിക്കുക തുടങ്ങിയ പൊതുവിഭാഗത്തിലുള്ള നിയമലംഘനങ്ങളുടെ പിഴയാണ്‌ കുറയ്‌ക്കുക. കേന്ദ്രനിയമത്തിൽ നിശ്ചിത തുകയിട്ടിട്ടുള്ള നിയമലംഘനങ്ങളുടെ പിഴത്തുക കുറയ്‌ക്കാനാകുമോ എന്നതും പരിശോധിക്കുന്നു.

 

പുനർവിജ്ഞാപനം വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ല. നിലവിൽ നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകൾ കോടതിക്ക്‌ കൈമാറുകയാണ്‌. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനം പലവട്ടം  കേന്ദ്ര സർക്കാരിന്‌ കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
Comments

COMMENTS

error: Content is protected !!