ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പ്രതികാരം; പഞ്ചായത്ത് ഓഫീസിന് തീയിട്ട കേസിൽ പ്രതി മുജീബിനെതിരെ കൊലപാതക ശ്രമ കുറ്റവും ചുമത്തി പോലീസ്

മലപ്പുറം: ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പ്രതികാരത്തിൽ മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട സംഭവത്തിൽ പ്രതി മുജീബിനെതിരെ കൊലപാതക ശ്രമക്കുറ്റം കൂടി ചുമത്തി. പൊതുമുതൽ നശിപ്പിച്ചതിനും കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്തായിരുന്നു മുജീബ് പെട്രോളുമായി പഞ്ചായത്ത് ഓഫീസിൽ എത്തിയത്. തീപിടിത്തത്തിൽ കമ്പ്യൂട്ടറുകളും പ്രിന്ററുകളും ഫയലുകളും പൂർണമായി കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തീ അണച്ചത്.

തീ ഇട്ടതിന് ശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിലെ ശുചിമുറിയിൽ കയറിയ മുജീബ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. കീഴാറ്റുർ എട്ടാം വാർഡിൽ ആനപ്പാംകുഴി എന്ന സ്ഥലത്താണ് മുജീബിന്റെ വീട്. ഏത് നിമിഷവും പൊളിഞ്ഞ് വീഴാൻ പാകത്തിലുള്ളതാണ് വീട്. മേൽക്കൂര ചോർന്നൊലിക്കുകയാണ്. മുജിബീനൊപ്പം ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ വർഷങ്ങളായി ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിന്റെ നിരാശയിലാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടത്.

Comments

COMMENTS

error: Content is protected !!