വെണ്ണലയിലെ വിദ്വേഷപ്രസംഗം: പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: എറണാകുളം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എരണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹരജി നല്‍കും. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്. പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പി.സി ജോർജിന് എതിരായിരുന്നു. പിസി ജോർജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ നടത്തിയ ഇത്തരത്തിലൊരു പ്രസംഗം മതവിദ്വേഷം ഉണ്ടാക്കാൻ കാരണമായി എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.75 വയസ്സുകാരനായ തനിക്ക് നേരത്തെ ഒരു കേസിൽ തിരുവനന്തപുരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നുവെന്ന് ജോർജ് വാദിച്ചു. വെണ്ണലയിൽ താൻ നടത്തിയ പ്രസംഗം ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും ജോർജ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പി സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബി ജെ പി സംഘ്പരിവാർ നേതൃത്വം വലിയ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഇത്തരം വിവാദങ്ങൾ ഒഴിവാക്കാനാണ് ജോർജിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments
error: Content is protected !!