സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകളിൽ വർധനവെന്ന് സൈബർ സെൽ

സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് സൈബർ സെൽ. തട്ടിപ്പിനിരയാവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.കേരളത്തിൽ ഈ വർഷം പൊലീസിന് ലഭിച്ചത്‌ 14897 ഓൺലൈൻ തട്ടിപ്പ് പരാതികൾ ആണ്. കൊച്ചി കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ലോൺ കെണിയാണെന്ന ആരോപണത്തിനു പിന്നാലെയാണ് പുതിയ കണക്കുകൾ  പുറത്തുവരുന്നത്.

പരാതികളിൽ പത്ത് ശതമാനവും ലോൺ ആപ്പുകളെ കുറിച്ചുള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്റനെറ്റിൽ ലഭിക്കുന്ന ലോൺ ആപ്പിൽ തിരിച്ചടവ്‌ മുടങ്ങിയാലും, ചിലപ്പോൾ തിരിച്ചടവ് പൂർത്തിയാക്കിയാൽ പോലും പണം ആവശ്യപ്പെട്ട് ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ അശ്ലീല ചിത്രങ്ങളിൽ മുഖം മോർഫ് ചെയ്ത്‌ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കും. ഇതിൽ അകപ്പെടുന്നത് കൂടുതലും സ്ത്രീകളാണ്.

അതേസമയം എറണാകുളം നോർത്ത് പറവൂരിൽ  വലിയ കടമക്കുടിയിൽ കടമക്കുടി സ്വദേശികളായ നിജോ (39) ഭാര്യ ശിൽപ(32) മക്കളായ ഏദൻ (7) ആരോൺ (5) എന്നിവരുടെ  കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ വായ്പ എന്ന് സൂചന ലഭിച്ചു. ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ വായ്പ കെണിയിൽ അകപ്പെട്ടതായാണ് സൂചന ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തിയവർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!