സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം ; കൊല്ലത്ത് 14കാരനെ തട്ടിക്കൊണ്ടുപോകാൻ ക്വ‌ട്ടേഷൻ നൽകിയ ബന്ധു പിടിയിൽ

കൊല്ലം: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 14കാരനെ തട്ടിക്കൊണ്ടgപോയ സംഭവത്തിൽ പ്രതിയായ യുവാവ് പൊലീസിന്റെ പിടിയിൽ. കാട്ടുതറ, പുളിയൻവിള തെറ്റയിൽ സോമന്റെ മകൻ ബിജു(30) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. കൊട്ടിയം വാലിമുക്കിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസുകാരനെയാണ് കാറിൽ വന്ന സംഘം ബലമായി വണ്ടിയിൽ കയറ്റിക്കൊണ്ടു പോയത്. കുട്ടിയുടെ സഹോദരി തടയാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

 കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്നും പത്ത് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്റെ മകനായ ബിജു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് വിവരം. മർത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ബിജു. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ നൽകിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് പ്രതികൾ രക്ഷപ്പെട്ടെങ്കിലും ഇവർ സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. വാഹനം തമിഴ്നാട് രജിസ്‌ട്രേഷനിലുള്ളതാണെന്ന് മനസിലാക്കി ജില്ലാ അതിർത്തികളിലും സംസ്ഥാന അതിർത്തികളിലും സന്ദേശം കൈമാറുകയും വാഹനപരിശോധന കർശനമാക്കുകയും ചെയ്തു.

Comments

COMMENTS

error: Content is protected !!