സൈന്യത്തിലേക്ക്‌ നിയമനമെന്ന്‌ വ്യാജ സന്ദേശം അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികൾ

കോഴിക്കോട്‌ : സൈന്യത്തിലേക്ക്‌ നിയമനം നടത്തുന്നെന്ന വ്യാജസന്ദേശം ലഭിച്ച്‌ അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികൾ വലഞ്ഞു. ദേശീയ, സംസ്ഥാന വിജയികളായ കായികതാരങ്ങളെ സൈന്യത്തിലേക്ക്‌ തെരഞ്ഞെടുക്കുന്നുവെന്നാണ്‌ വാട്‌സ്‌ആപിൽ വ്യാജ സന്ദേശം പ്രചരിച്ചത്‌. കോഴിക്കോട്‌ സ്‌പോർട്‌സ്‌ കൗൺസിൽ ഹാളിൽ വെള്ളിയാഴ്‌ച പകൽ 11‌ന്‌ അഭിമുഖത്തിന്‌ ഹാജരാകണമെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്‌.
വിവിധ ജില്ലകളിൽനിന്നായി മുപ്പതോളം ഉദ്യോഗാർഥികളും ചിലരുടെ രക്ഷിതാക്കളുമായിരുന്നു എത്തിയത്‌. വ്യാജസന്ദേശത്തിന്റെ ഉറവിടം വ്യക്തമല്ല. സ്‌പോർട്‌സ്‌ കൗൺസിൽ ഹാളിൽ എത്തിയശേഷമാണ്‌ കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാർഥികൾ അറിഞ്ഞത്‌. ഇത്തരം സന്ദേശം നൽകിയിട്ടില്ലെന്ന്‌ സ്‌പോർട്‌സ്‌ കൗൺസിൽ അധികൃതരും വ്യക്തമാക്കി.
വ്യാജസന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ സെക്രട്ടറി സുലൈമാൻ സിറ്റി പൊലീസ്‌ മേധാവി എ വി ജോർജിന്‌ പരാതി നൽകി. അഭിമുഖത്തിന്‌ ഹാജരാകണമെന്നാവശ്യപ്പെട്ട്‌ സ്‌പോർട്‌സ്‌ കൗൺസിൽ ഒരു അറിയിപ്പും നൽകിയിട്ടില്ലെന്ന്‌ പരാതിയിൽ പറയുന്നു.
Comments

COMMENTS

error: Content is protected !!