റോഡു കുഴി വിവാദം സിനിമാ പ്രമോഷന്; സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നു.
“ന്നാ …. താൻ പോയി കേസ് കൊട്” എന്ന സിനിമ റിലീസിംഗിൽ തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. സിനിമ നല്ല അഭിപ്രായം നേടുമോ, ജനങ്ങൾ സ്വീകരിച്ച് കയ്യടിക്കുമോ, സാമ്പത്തികമായി വിജയിക്കുമോ എന്നൊകെയേ ഇനി അറിയാനുള്ളൂ. എത്ര നല്ല സിനിമയാലും അപൂർവ്വമായേ റിലീസിംഗിൽ ഇതുപോലൊരു വിജയം ഉറപ്പിക്കാനാകുകയുള്ളൂ. പൊതുമരാമത്ത് മന്ത്രി മുതൽ സി പി എം സൈബർ പോരാളികളെല്ലാം സിനിമയെ പരാമർശിച്ച് സൈബർ ഇടങ്ങളിൽ പോസ്റ്റിട്ടതോടെയാണ് കേരളം ഇങ്ങനെ ഒരു സിനിമയെ ശ്രദ്ധിച്ചു തുടങ്ങിയത്. രശ്മിതാ രാമചന്ദ്രനേപ്പോലുളള ആസ്ഥാന സൈബർ ബുദ്ധിജീവികൾ മുതൽ താഴെ തട്ടിലെ സി പി എം സൈബർ തള്ളുകാർ വരെ സിനിമ ബഹിഷ്കരിക്കാന്നുള്ള ആഹ്വാനവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പക്ഷേ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചില്ല. “സിനിമയല്ലേ അതിനെ ആ നിലയിൽ കണ്ടാൽ പോരേ” എന്നാണദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. വെള്ളാനകളുടെ നാട് എന്ന സിനിമയിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തേയും അദ്ദേഹം അനുസ്മരിച്ചു. “ഒരു ചെറീയ സ സ്പെനെറെടുക്ക് ഇപ്പ ശരിയാക്കാം” എന്ന് കേടായ റോഡ് റോളർ നന്നാക്കുമ്പോൾ പപ്പു പറഞ്ഞ ഡയലോഗ് ജനങ്ങൾ ഇപ്പോഴും പറയുന്നില്ലേ എന്നും മന്ത്രി ചോദിക്കുന്നു. സിനിമക്ക് ഊരുവിലക്കേർപ്പെടുത്താൻ സി പി എം സൈബർ വിംഗ് രംഗത്തിറങ്ങിയതോടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മറ്റ് സൈബർ ആക്ടിവിസ്റ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്.
നാടകം കളിച്ചും സിനിമയുണ്ടാക്കായുമൊക്കെയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ചുവടുറപ്പിച്ചെതെന്നും തങ്ങൾക്കെതിരായേക്കാവുന്ന ചില ഹാസ്യ പരാമർശങ്ങൾ പോലും സഹിക്കാൻ കഴിയാത്ത വിധം അന്നഹിഷ്ണുതയാണ് സി പി എം പ്രകടിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. “തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ” എന്ന പോസ്റ്ററിലെ പരസ്യവാചകമാണ് പ്രകോപന കാരണം എന്ന് തോനുന്നു. അത് നിലവിലുള്ള റോഡ്കുഴി വിവാദത്തിൽ തങ്ങളെ കളിയായുകയാണ് എന്ന് ഏകപക്ഷീയമായി സി പി എം സൈബർ വിംഗ് തീരുമാനിക്കുകയായിരുന്നു എന്ന് തോന്നുന്നു. ഇന്നു റിലീസാകുന്ന സിനിമ കാണുന്നതിന് മുമ്പാണ് ഇവർ ഇറങ്ങിപ്പുറപ്പെടുന്നതെന്നത് മറ്റൊരു തമാശയാണ്. സിനിമ കണ്ടാലല്ലേ അതെന്താണെന്നോ, എങ്ങിനെയാണെന്നോ, സിനിമയിൽ പരിഹാസമുണ്ടെന്നോ, അഥവാ ഉണ്ടെങ്കിൽ അത് ആർക്കെതിരാണെന്നോ ഒക്കെ അറിയാൻ കഴിയുകയുള്ളൂ. സി പി എം പോലൊരു ഉത്തരവാദപ്പെട്ട പാർട്ടിയുടെ സൈബർ വിഭാഗം കാള പെറ്റെന്ന് കേട്ടയുടനെ കയറെടുക്കുന്നത് എന്തുകൊണ്ടാണ് എന്നതും ദുരൂഹമാണ്. സിനിമയെ നെഗറ്റീവ് പ്രമോഷനിലൂടെ വിജയിപ്പിക്കാൻ ഇവർ കരാറെടുത്തിട്ടുണ്ടോ എന്നൊക്കെ സംശയം പ്രകടിപ്പിച്ച് പോസ്റ്റിടുന്നവരും സോഷ്യൽ മീഡിയയിൽ ധാരാളമുണ്ട്. സിനിമക്കെതിരെ സംഘപരിവാരവും ശിവസേനയും തീവ്ര മുസ്ലിം സംഘടനകളുമൊക്കെ രംഗത്തിറങ്ങുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി എല്ലാ കാലത്തും രംഗത്തിറങ്ങിയ പ്രസ്ഥാനമാണ് സി പി എം. കേരളം പോലൊരു സംസ്ഥാനത്ത് ആ പാർട്ടി ഇത്തരമൊരു നിലപാട് സ്വീകരിച്ചതാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്. മാധ്യമങ്ങളിൽ റോഡ് തകർച്ചയേക്കുറിച്ച്, കേരളാ കുഴിയാണോ കേന്ദ്ര കുഴിയാണോ എന്ന നിലയിൽ തർക്കം മുറുകുമ്പോൾ, മനുഷ്യ ജീവനുകൾ തെരുവിൽ പൊലിയുന്നത് തുടരുക തന്നെയാണ്. നീതിപീഠം മുതൽ മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദവുമൊക്കെ ഗൗരവമായി പ്രശ്നപരിഹാരത്തിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കച്ചവട സിനിമയുടെ പേരിൽ പ്രശ്നത്തെ പൈങ്കിളി വൽക്കരിക്കുന്നത് കേരളം ഒരു വെള്ളരിക്കാപട്ടണമാണോ എന്ന ചോദ്യം പ്രസക്തമാകുന്നു. ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങളിലും കൈരളി ചാനലിലുമൊക്കെ സിനിമയുടെ പരസ്യം നൽകി , പരസ്യച്ചാർജ് ഈടാകുന്നവർ തന്നെ ഇത്തരം ഒരു നിലപാട് സ്വീകരിക്കാമോ എന്ന് തുടങ്ങി ഒരു പാട് പ്രസക്തവും വിചിത്രവുമായ നിലപാടുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഏതാനും പ്രതികരണങ്ങൾ താഴെ
ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് , അതിന്റെ പോസ്റ്ററിലൂടെ ആ സിനിമ നൽകുന്ന സന്ദേശം ചർച്ച ചെയ്യപ്പെട്ടു എന്നത് ആ സിനിമയുടെ വിജയമാണ്.
ആ സിനിമ ഞാൻ കണ്ടിട്ടില്ല.
കണ്ടതിന് ശേഷം മാത്രമേ അതിന്റെ ഉള്ളടക്കത്തോടുള്ള യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കാൻ കഴിയൂ.
എന്നാൽ സിനിമാ പോസ്റ്ററിൽ “തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട് , എന്നാലും വന്നേക്കണേ” എന്ന പരസ്യ വാചകം കണ്ട് വിറളി പിടിച്ച് സിനിമക്കെതിരെ പോസ്റ്റിടുന്നത് കാണുമ്പോൾ ചിരിയല്ല, സഹതാപമാണ് തോന്നുന്നത്.
കേരളത്തിലെ റോഡിലെ കുഴി എന്നത് ഒരു സുപ്രഭാതത്തിൽ ഉണ്ടായ സംഭവമല്ല.
കോടതി പറഞ്ഞപ്പോൾ മാത്രമേ പ്രതിപക്ഷ നേതാവിനും എന്തെങ്കിലും പറയാൻ തോന്നിയുള്ളൂ.
“റോഡിലെ കുഴി ” യുടെ രാഷ്ട്രീയത്തിൽ സിനിമ ആരെയെങ്കിലും വെള്ളപൂശുന്നുണ്ടോ എന്ന് സിനിമ കണ്ടാൽ മാത്രമേ മനസിലാവൂ.
എന്തായാലും ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് അത്.
അത് ഞങ്ങൾ ചർച്ച ചെയ്ത് ഞങ്ങൾ പരിഹരിച്ചു കൊള്ളാം എന്ന ” ഞങ്ങ രാഷ്ട്രീയം” മാറ്റി വെച്ച് , ഇത്തരം പൊതു വിഷയങ്ങൾ നാടകത്തിലൂടെയും സിനിമയിലൂടെയും ഉയർന്നു വരുന്നുണ്ടെങ്കിൽ അത് സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്.
ഒരു പക്ഷേ ഒരു ഘട്ടമെത്തിയാൽ ഈ പോസ്റ്റർ
സിനിമാക്കാർ പിൻവലിച്ചേക്കാം.
” ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും ” എന്ന് എം എൻ വിജയൻ മാഷ് പറഞ്ഞത് പ്രസക്തമാവുന്നത് ഈ സാഹചര്യത്തിലാണ്.
ഒരു സിനിമയുടെ ഉള്ളടക്കത്തോട് നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.
എന്നാൽ പോസ്റ്ററിലെ പരസ്യ വാചകത്തോട്
കാണിക്കുന്ന അസഹിഷ്ണുത (കേരളത്തിലെ റോഡുകളിലെ കുഴി ” സാങ്കൽപ്പിക “മായിരുന്നു എങ്കിൽ ഇത്തരം അസഹിഷ്ണുത ഉണ്ടാവുമായിരുന്നില്ല.) ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഒരു കാലത്ത് നാടകങ്ങളിലൂടെ രാഷ്ട്രീയ സാമൂഹ്യ പരിവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തവരുടെ
പിൻമുറക്കാർ സിനിമാ പോസ്റ്ററിനോട് കാണിക്കുന്ന അസഹിഷ്ണുതയോട് എന്ത് പറയാൻ?
തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയില്ലെങ്കിൽ
അതാണ് ഈ പരസ്യ വാചകത്തിനുള്ള മറുപടി.
അതാവണം മറുപടി.
കെ പി ബിജു
കുളപ്പുറത്ത്