SPECIAL

കാടിന് തീയിട്ട് ‘പരുന്തുകള്‍’; കാരണം കണ്ടെത്തിയപ്പോള്‍ അമ്പരന്ന് ശാസ്ത്രലോകം

പല ഇടവേളകളിലായി കാടിന് തീ ഇടുന്നവരെ കണ്ടെത്തിയതോടെ കുടുക്കിലായത് വനംവകുപ്പ് അധികൃതരാണ്.

സിഡ്നി: കനത്ത ചൂടിനിടയില്‍ കാടുകള്‍ക്ക് തീ പിടിക്കുന്നത് സാധാരണ കാഴ്ചയാണ്. പലപ്പോഴും പുറത്ത് നിന്നുള്ള ഇടപെടലുകളാണ് കാട്ടുതീ പടരാന്‍ കാരമാവുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കാട്ടുതീ പടര്‍ത്തുന്നത് കാട്ടിലെ ജീവികള്‍ തന്നെയാവുമ്പോഴോ? വേനല്‍ കടുത്തതിന് പിന്നാലെ ഓസ്ട്രേലിയയില്‍ കാട്ടുതീ വ്യാപകമായതിന് ശേഷമാണ് തീപിടുത്തത്തിന്‍റെ കാരണം തേടി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്.
എന്നാല്‍ കാടിന് തീ ഇടുന്ന പ്രതിയെ കണ്ടെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത നിലയിലാണ് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതരുള്ളത്. ഒരിനം പരുന്തുകളാണ് ഇവിടെ പ്രതിക്കൂട്ടിലുള്ളത്.ഇരയെ  പിടികൂടാനുള്ള തന്ത്രപരമായ നടപടിയായാണ് ഇവ കാടിന് തീ ഇടുന്നത്. കനത്ത ചൂട് ഓസ്ട്രേലിയയില്‍ പതിവാണെങ്കിലും കാട്ടുതീ പതിവുള്ള കാര്യമല്ല. ഓസ്ട്രേലിയയുടെ വടക്കന്‍ വനമേഖലയിലെ അടിക്കാടുകളുടെ ഏറിയ പങ്കും അടുത്തിടെയുണ്ടായ കാട്ടുതീയില്‍ നശിച്ചിരുന്നു. അന്തര്‍ദേശീയ മാധ്യമമായ ജേണല്‍ ഓഫ് എത്ത്നോബയോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്ന് ഇനം പരുന്തുകളാണ് ഇരപിടിക്കുന്നതിന് വേണ്ടി കാടിന് തീ ഇടുന്നത്.
ബ്ലാക്ക് കെറ്റ്, വിസ്ലിംഗ് കൈറ്റ്, ബ്രൗണ്‍ ഫാല്‍ക്കണ്‍ എന്നീ ഇനം പരുന്തുകളാണ് അടുത്തിടെ ഓസ്ട്രേലിയയിലുണ്ടായ കാട്ടുതീയ്ക്ക് ഉത്തരവാദികള്‍ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചെറുജീവികളെയും ഇഴജന്തുക്കളെയും വലിയ പ്രാണികളെയുമൊക്കെ വേട്ടയാടുന്ന ഇരപിടിയന്‍മാരായ ഇവയെ ‘റാപ്റ്ററുകള്‍’ എന്നാണ് പൊതുവെ വിളിക്കാറ്.
റോഡ് സൈഡുകളില്‍ എവിടെയെങ്കിലും കാണുന്ന തീ കൊള്ളികള്‍ ഉപയോഗിച്ചാണ് ഇവ കാട്ടുതീ പടര്‍ത്തുന്നത്. ഒരു തരത്തിലും കാട്ടുതീ പടരാന്‍ സാധ്യതയില്ലാത്ത മേഖലയിലും തീ വ്യാപകമായതിന് പിന്നില്‍ പരുന്തുകളുടെ വേട്ടയാടലെന്നാണ് ജേണല്‍ ഓഫ് എത്ത്നോബയോളജി വിശദമാക്കുന്നത്.
മറ്റ് ഇടങ്ങളില്‍ നിന്ന് തീക്കൊള്ളികളുമായി കിലോമീറ്ററുകള്‍ പറക്കാനും ഇവ മടിക്കാറില്ലെന്നാണ് പഠനം തെളിയിക്കുന്നത്. വനമേഖലകളില്‍ ഉപയോഗമില്ലാത്ത ചെടികള്‍ക്ക് ഒഴിവാക്കി പുതിയവ വച്ച് പിടിപ്പിക്കാന്‍ ഓസ്ട്രേലിയയിലെ ഗോത്രവര്‍ഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ നിയന്ത്രിതമായി കാട്ടുതീ ഇടാറുണ്ട്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button