DISTRICT NEWS
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ കോഴിക്കോട് ജില്ലയ്ക്ക് സർവകാല നേട്ടം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ കോഴിക്കോട് ജില്ലയ്ക്ക് സർവകാല നേട്ടം. 2008ൽ ജില്ലയിൽ പദ്ധതി നടപ്പാക്കിയശേഷം ഏറ്റവും നേട്ടം കൈവരിച്ച വർഷമായി കഴിഞ്ഞ സാമ്പത്തികവർഷം മാറി. ആകെ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത് 1.11 കോടി കവിഞ്ഞു. ജില്ലയിൽ ചെലവഴിച്ച ആകെ തുക 551.04 കോടിരൂപയാണ്. ഇതിൽ 60 ശതമാനം തുകയും വേതനമായി തൊഴിലാളികളുടെ കൈകളിലേക്കെത്തി. 2020-21 സാമ്പത്തിക വർഷത്തിൽ 451.37 കോടി രൂപയാണ് ചെലവഴിച്ചത്.
100 ദിനം തൊഴിൽ പൂർത്തീകരിച്ചത് 60,516 കുടുംബങ്ങളാണ്. കഴിഞ്ഞ വർഷമിത് 50,358 ആയിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കപ്പെടുന്ന പദ്ധതിയും തൊഴിലുറപ്പാണ്. ഇതിലൂടെ ഏറ്റവും കൂടുതൽ കേന്ദ്രഫണ്ട് ജില്ലയിലേക്ക് എത്തിക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചു.
ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും തൊഴിലുറപ്പിൽ ചെലവഴിച്ച തുക മുൻവർഷങ്ങളിലേതിനേക്കാൾ കൂടുതലാണ്. വടകര ഒഴികെയുള്ള എല്ലാ ബ്ലോക്കുകളിലും പ്ലാൻ ഫണ്ടിനേക്കാൾ തുക ചെലവഴിച്ചു.
70 പഞ്ചായത്തുകളിൽ 61 എണ്ണത്തിലും പ്ലാൻ ഫണ്ടിനേക്കാൾ തുക ചെലവഴിക്കാൻ തൊഴിലുറപ്പ് പദ്ധതിക്കായി.
Comments