DISTRICT NEWS
ബേപ്പൂർ തുറമുഖത്തു നിന്നു സർവീസ് നടത്തുന്ന ഉരുക്കൾക്ക് മൺസൂൺകാല കടൽയാത്രാ നിയന്ത്രണം നിലവിൽ വന്നു
ബേപ്പൂർ തുറമുഖത്തു നിന്നു സർവീസ് നടത്തുന്ന ഉരുക്കൾക്ക് മൺസൂൺകാല കടൽയാത്രാ നിയന്ത്രണം നിലവിൽ വന്നു. ഇനി 4 മാസം യന്ത്രവൽകൃത ഉരുക്കളിൽ ലക്ഷദ്വീപിലേക്ക് ചരക്കു നീക്കമുണ്ടാകില്ല. നിയന്ത്രണം പ്രാബല്യത്തിൽ വന്നതോടെ തുറമുഖത്തിന്റെ പ്രവർത്തനം ഭാഗികമായിരിക്കും.
വിവിധ ദ്വീപുകളിലേക്ക് ചരക്കു കയറ്റിയ 3 ഉരുക്കൾ ബേപ്പൂരിലുണ്ട്. തുറമുഖ അധികൃതരുടെ ക്ലിയറൻസ് വാങ്ങി ഇവ ഇന്ന് രാത്രിയോ അല്ലങ്കിൽ അടുത്ത ദിവസമോ തീരം വിടും. മൺസൂണിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലെ കപ്പലുകളിൽ മാത്രമേ ദ്വീപിനും വൻകരയ്ക്കും ഇടയിൽ ചരക്കു നീക്കമുണ്ടാകൂ. മർക്കന്റൈൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ചെറുകിട തുറമുഖങ്ങളിൽ ജലയാനങ്ങൾക്ക് യാത്രാ നിയന്ത്രണമാണ്. യാത്രാ കപ്പലുകൾക്കും വിലക്ക് ഏർപ്പെടുത്താറുണ്ടെങ്കിലും ഇക്കഴിഞ്ഞ സീസണിൽ ബേപ്പൂരിൽ നിന്നു ദ്വീപിലേക്ക് യാത്രാ കപ്പൽ സർവീസ് ഉണ്ടായിരുന്നില്ല.
![](https://calicutpost.com/wp-content/uploads/2023/05/shobikanew-2.jpg)
മൺസൂണിൽ തിന്നക്കര, സാഗർ സാമ്രാജ്, സാഗർ യുവരാജ്, ഏലി കൽപേനി എന്നീ ചരക്കു കപ്പലുകളിലാണു ദ്വീപിലേക്കു വേണ്ട അവശ്യ വസ്തുക്കളും ഇന്ധനവും മറ്റു നിർമാണ സാമഗ്രികളും എത്തിക്കുക. ആൾത്താമസമുള്ള 12 ചെറുദ്വീപുകളടങ്ങിയ ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽ നിന്ന് ഉരുക്കൾ മുഖേനയാണ് പ്രധാനമായും ചരക്കു നീക്കം. ലക്ഷദ്വീപിനും വൻകരയ്ക്കും ഇടയിൽ ഏതാണ്ട് 27 ഉരുക്കൾ സർവീസ് നടത്തുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഇനി വിശ്രമ കാലമാണ്. ഉരുമാർഗമുള്ള ചരക്കു നീക്കം നിലയ്ക്കുന്നത് തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികളെ സാരമായി ബാധിക്കും.
Comments