ENVIRONMENTNEWS

മുള്ളന്‍കൊല്ലിയിലെ അനധികൃത ക്വാറികള്‍ക്കെതിരെ ജനകീയ സമരംനടത്തും; ക്വാറി വിരുദ്ധ ജനകീയ കമ്മറ്റി

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നടപടി വേണമെന്ന് ക്വാറി വിരുദ്ധ ജനകീയ കമ്മറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ക്വാറിയുടെ പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് ദുരിതമായിരിക്കുന്ന അവസ്ഥയിലാണ് പാടിച്ചിറ വില്ലേജിലെ അറുപത് കവല ഇന്ദിരാ നഗര്‍ റോഡ് സൈഡില്‍ മാനുവല്‍ എന്നയാളുടെ സ്ഥലത്ത് വീണ്ടും ക്വാറി തുടങ്ങാന്‍ ശ്രമിക്കുന്നത്. ക്വാറി മാഫിയകളുടെ ഒത്താശക്ക് വഴങ്ങി അധികൃതര്‍ കണ്ണടച്ചു അനുമതി നല്‍കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഗ്രാമസഭയോ, പൊതു ജനമോ അറിയാതെയാണ് അനധികൃത നീക്കങ്ങള്‍ നടത്തുന്നത്.


തൊട്ടടുത്ത് ആദിവാസി കോളനികളും, 200 ഓളം വീടുകളും, മുത്തപ്പന്‍ മഠപ്പുര ക്ഷേത്രവുമുണ്ട്. നാല് സ്‌കൂള്‍ ബസുകള്‍ ഓടുന്നതും നിരവധിപേര്‍ സഞ്ചരിക്കുന്നതുമായ റോഡാണിത്. കുടിവെള്ളമെത്തിക്കുന്ന കെ.ഡബ്ല്യു.എയുടെ പമ്പ് ഹൗസും മറ്റും ക്വാറിയുടെ സമീപത്താണ്. ക്വാറിക്ക് സമീപം തോടും, വയല്‍ കൃഷിയും കുടിവെള്ള പദ്ധതിയും നിലവിലുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി, കലക്ടര്‍, റവന്യു അധികാരികള്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. രഹസ്യമായുള്ള ഇടപാടുകള്‍ക്കെതിരെ നിലപാടെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ ശക്തമായ ജനകീയ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചെയര്‍മാന്‍ അമ്മിണി സന്തോഷ് (പഞ്ചായത്തംഗം), കണ്‍വീനര്‍ രാജന്‍. പി.എന്‍, മാത്യു കുളംമ്പള്ളി, ജൂലി സാജു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button