കമ്പിളിപ്പാറ കരിങ്കല്‍ ഖനനത്തെ എതിര്‍ത്ത് വനിതകളായ പ്രദേശവാസികള്‍
വാണിമേല്‍: യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചു കരിങ്കല്‍ ഖനനം പാടില്ലെന്ന് പഞ്ചായത്ത് നോട്ടിസ് നല്‍കിയ കമ്പിളിപ്പാറ മലയില്‍ കൂറ്റന്‍ യന്ത്രങ്ങള്‍ എത്തിച്ച് ഖനനം പുനരാരംഭിക്കാനുള്ള നീക്കം പ്രദേശവാസികളായ വനിതകള്‍ ചെറുത്തു നിന്നു തടസ്സപ്പെടുത്തി.
നവംബറില്‍ സമര സമിതി നേതൃത്വത്തില്‍ ഖനനത്തിനെതിരെ സമരം നടത്തുകയും സമരക്കാരെ അറസ്റ്റ് ചെയ്യുകയും ആദിവാസികള്‍ അടക്കമുള്ളവരെ പൊലീസ് മര്‍ദിക്കുകയും ചെയ്തിരുന്നു.
അന്ന് യന്ത്രങ്ങള്‍ നീക്കിയെങ്കിലും, സമരക്കാരായ ആറു പേര്‍ക്കെതിരെ ക്വാറി ഉടമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ഈ ആറു പേര്‍ സ്ഥലത്തു പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കുകയും ചെയ്തതോടെയാണ് ഖനനത്തിനുള്ള നീക്കം പുനരാരംഭിച്ചത്. ഇതറിഞ്ഞു സ്ത്രീകളാണ് പ്രതിഷേധവുമായെത്തിയത്.
ക്വാറിയിലെ തൊഴിലാളികളും സ്ത്രീകളും തമ്മില്‍ ഏറെ നേരം വാക്കുതര്‍ക്കമുണ്ടായി. വളയത്തു നിന്ന് പൊലീസ് സ്ഥലത്ത് എത്തി. ഖനനം അനുവദിക്കില്ലെന്ന നിലപാടില്‍ വനിതകള്‍ ഉറച്ചു നിന്നു. സ്ഥലത്ത് എത്തിച്ച യന്ത്ര സാമഗ്രികള്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. ഉച്ചയോടെ തൊഴിലാളികള്‍ തല്‍ക്കാലം ഖനന നീക്കം ഉപേക്ഷിച്ചു.
അവധി ദിവസങ്ങളില്‍ അനധികൃതമായി ഖനനം നടത്താനുള്ള നീക്കത്തെ ചെറുക്കുക തന്നെ ചെയ്യുമെന്നും പൊലീസ് ഖനനക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും സമര സമിതി കുറ്റപ്പെടുത്തി. പഞ്ചായത്തിനെതിരെ ക്വാറി ഉടമ നല്‍കിയ ഹര്‍ജിയില്‍ സമര സമിതി കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.