വീട്ടിൽ ഒരാൾക്ക് കൊറോണ സംശയിക്കുന്നു എങ്കിൽ എന്തു ചെയ്യാം

കോവിഡ് പോസിറ്റീവ് ആയാൽ ഉടനെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിലോ ആരോഗ്യവകുപ്പ് അധികൃതരെയോ ആശാ വർക്കറെയോ വിവരം അറിയിക്കുക.

രോഗലക്ഷണങ്ങൾ വച്ച് കോവിഡ് രോഗികളെ കാറ്റഗറി എ, കാറ്റഗറി ബി, കാറ്റഗറി സി എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് തുടർ ചികിത്സകൾ തീരുമാനിക്കുക. രോഗിയുടെ ഏറ്റവും അടുത്തുള്ള മെഡിക്കൽ ഓഫീസറാണ് ലക്ഷണങ്ങൾ വച്ച് രോഗി ഏതു കാറ്റഗറിയിൽ പെടുന്ന ആളാണെന്ന് നിർണയിക്കുന്നത്.

രോഗിയെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചാൽ മതിയോ, അതോ കോവിഡ് ആശുപത്രിയിലേക്ക് മാറ്റണോ എന്നൊക്കെ തീരുമാനിക്കുന്നതും മെഡിക്കൽ ഓഫീസറാണ്.

രോഗിയ്ക്ക് ശക്തമായ ശ്വാസതടസ്സം, ഓക്സിജൻ ലെവൽ തീരെ കുറഞ്ഞ അവസ്ഥ എന്നിവയൊക്കെ കണ്ടാൽ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റും, ഇതോടൊപ്പം ശക്തമായ തൊണ്ടവേദന, പനി  ലക്ഷണങ്ങളുള്ള, ആശുപത്രി പരിചരണം വേണ്ട രോഗികളെ സിഎസ്ടിസിയിലേക്കും അയക്കും.

ഗുരുതരമായ ലക്ഷണങ്ങൾ ഒന്നുമില്ലാത്ത, ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നുള്ള രോഗികൾക്ക് ആശുപത്രികളിൽ നേരിട്ട് പോവാതെ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ ഇ- സഞ്ജീവനി ടെലി കൺസൽട്ടേഷൻ എന്ന സഹായ സംവിധാനം ഉണ്ട് .

esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റിലാണ്‌ ഇതിനായി ലോഗിൻചെയ്യേണ്ടത്‌

ഇ- സഞ്ജീവനിയിൽ കോവിഡ് രോഗികൾക്കായി പ്രത്യേകം ഓപിടി തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ രാത്രി എട്ടു മണിവരെ തീർത്തും സൗജന്യമായി രോഗികൾക്ക് ഫോണിലൂടെ ഡോക്ടർമാരുടെ കൺസെൽട്ടേഷൻ എടുക്കാം. മരുന്ന് വിവരങ്ങൾ ഇ -റെസിപ്റ്റ് ആയാണ് ലഭിക്കുക. ഇ-റെസിപ്റ്റ് ഉപയോഗിച്ച് വീട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ സഹായത്തോടെ അടുത്തുള്ള ഫാർമസിയിൽ നിന്നും രോഗിയ്ക്ക് മരുന്നുകൾ വാങ്ങാൻ സാധിക്കും.

ഹോം ക്വാറന്റൈനിൽ കഴിയുന്ന രോഗികൾ നിർബന്ധമായും ഒരു പൾസ് ഓക്സീമീറ്റർ കരുതുക. ഇടയ്ക്കിടെ ഓക്സിജൻ ലെവൽ പരിശോധിക്കുക. ഓക്സിജൻ ലെവൽ 95ൽ താഴെയാണെങ്കിൽ ഉടനെ തന്നെ ഏറ്റവും അടുത്ത മെഡിക്കൽ ഡിപ്പാർട്ട്മെന്റിലോ ദിശയിലോ ബന്ധപ്പെടുക. അവർ സമയോചിതമായി ഇടപ്പെട്ട് രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ്.

വീട്ടിൽ ഒരാൾ മാത്രം കോവിഡ് പോസിറ്റീവ് ആണെങ്കിൽ ആ വ്യക്തി ബാത്ത് റൂം അറ്റാച്ച്ഡായ, ശരിയായ വെന്റിലേഷൻ ഉള്ളൊരു മുറിയിൽ ക്വാറന്റെനിൽ ഇരിക്കുക. രോഗിയുമായി പ്രൈമറി കോൺടാക്റ്റ് ഉള്ള വ്യക്തികൾ കഴിയുന്നതും പുറത്തുപോവാതെയും മറ്റാരുമായും ഇടപഴകാതെയും ഇരിക്കുക. കോവിഡ് കേസുകൾ കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ തിരിച്ചറിവോടെയും ഉത്തരവാദിത്വത്തോടെയും ഓരോരുത്തരും പെരുമാറുക എന്നതാണ് പ്രധാനം.

ക്വാറന്റൈനിൽ കഴിയുന്ന രോഗിയ്ക്കുള്ള ഭക്ഷണം മുറിയ്ക്ക് പുറത്തു നൽകുക. രോഗിയുമായി ഒരു തരത്തിലുള്ള ഇടപഴകലും പാടില്ല. രോഗിയടക്കം വീട്ടിലുള്ള എല്ലാവരും മാസ്ക് ധരിക്കുക. രോഗിയുമായി പ്രൈമറി കോൺടാക് വന്ന വ്യക്തികൾക്ക് ഏഴു ദിവസത്തിനു ശേഷം ടെസ്റ്റ് ചെയ്തു നോക്കാം. പോസിറ്റീവ് ആവുന്നുണ്ടെങ്കിൽ അവരും രോഗിയെ പോലെ ക്വാറന്റൈനിൽ ഇരിക്കുക.

മുൻപ്, ഒരാൾ കോവിഡ് പോസിറ്റീവ് ആയാൽ 10-ാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു.​എന്നാൽ ഇപ്പോൾ പത്താം ദിവസം ടെസ്റ്റ് ചെയ്യണമെന്ന് നിർബന്ധമില്ല. ലക്ഷണങ്ങൾ എല്ലാം മാറികഴിഞ്ഞാൽ രോഗിയ്ക്ക് 17-ാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്.

എങ്ങനെ ഡോക്ടറുടെ സഹായം

ഇതിനായി ഇ-സഞ്ജീവനിയുടെ വെബ്‌സൈറ്റ് (https:// esanjeevaniopd.in/) സന്ദര്‍ശിക്കാം

  • പുതിയ വിന്‍ഡോയില്‍ ഇവിടെ പേര്, ലിംഗം, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, വയസ്, സംസ്ഥാനം, ജില്ല, നഗരം, വിലാസം, പിന്‍ കോഡ് എന്നിവ രേഖപ്പെടുത്തണം
  • പേഷ്യന്റ് രജിസ്‌ട്രേഷന്‍ എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത ശേഷം സ്വന്തം മൊബൈല്‍ നമ്പര്‍ നമ്പര്‍ നല്‍കി സംസ്ഥാനം തിരഞ്ഞെടുക്കുക. തുടര്‍ന്ന് ജനറല്‍ ഒ.പി, സ്‌പെഷാലിറ്റി ഒ.പി എന്നിവയില്‍ ഏതാണ് വേണ്ടത് എന്ന തിരഞ്ഞെടുക്കുക.
  • തൊട്ടുതാഴെയുള്ള കോളത്തിലെ കോവിഡ് ഇ സഞ്ജീവനി ഒപിഡി കേരള, ജനറല്‍ ഇ സഞ്ജീവനി ഒപിഡി കേരള എന്നതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.
  • തുടര്‍ന്ന് ഒടിപി ലഭിക്കാന്‍ ബന്ധപ്പെട്ട സ്ഥലത്ത് ക്ലിക്ക് ചെയ്യുക
  • ഫോണില്‍ ലഭിക്കുന്ന ഒടിപി രേഖപ്പെടുത്തുന്നതോടെ രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള മറ്റൊരു വിന്‍ഡോ തുറന്നുവരും
  • തുടര്‍ന്ന് ചികിത്സാ രേഖകള്‍ (അഞ്ച് എംബി വലുപ്പമുള്ള പരമാവധി മൂന്നെണ്ണം) സമര്‍പ്പിച്ച് പേഷ്യന്റ് ഐഡിയും ടോക്കണും ജനറേറ്റ് ചെയ്യാം
  • വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാവുന്നതാണ്

ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ ( https:// play.google.com/store/apps/details…) മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ശേഷം കുറിപ്പടി ഉടന്‍ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും ലോഗിന്‍ ചെയ്ത് തുടര്‍ന്നും സേവനം തേടാനും അവസരമുണ്ട്. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാം.

Comments

COMMENTS

error: Content is protected !!