സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ‘ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്’ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി

‘സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രധാന നഗരങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങി ആള്‍ക്കാര്‍ കൂടുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി കോഴിക്കോട്, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെയാണ് ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കാന്‍ തെരഞ്ഞെടുത്തത്. 

 ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആ ക്ലസ്റ്ററില്‍ പ്രീ ഓഡിറ്റ് നടത്തുന്നു. നിലവിലെ കടകളിലെ സൗകര്യം വിലയിരുത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇതോടൊപ്പം കടകളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനവും നല്‍കുന്നു. കെട്ടിടം, വസ്ത്രം, പാത്രം, ശുചിത്വം തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. എഫ്.എസ്.എസ്.എ.ഐ.യുടെ നേതൃത്വത്തിലാണ് ഫൈനല്‍ ഓഡിറ്റ് നടത്തുന്നത്. ഈ ഫൈനല്‍ ഓഡിറ്റിന് ശേഷം സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതാണ്. ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള സര്‍ട്ടിഫിക്കേഷനാണ് നല്‍കുന്നത്.

Comments

COMMENTS

error: Content is protected !!